ഡിജിറ്റല്‍ മാര്‍ക്കറ്റിംങ് പഠിക്കാം; ഗൂഗിള്‍ ഡിജിറ്റല്‍ അണ്‍ലോക്ക്ഡ്

ലോകത്ത് ഇന്നു കാണുന്ന വിജ്ഞാന വിസ്ഫോടനത്തിനു ശക്തി പകര്‍ന്ന കരുത്തനാണ് ഗൂഗിള്‍. ഏതൊരു വിഷയത്തെക്കുറിച്ചും അറിയാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആദ്യം എത്തിച്ചേരുന്നത് ഗൂഗിള്‍ എന്ന അറിവിന്റെ കേന്ദ്രത്തിലേക്കാണ്. ലോകവ്യാപകമായി ഒട്ടേറെ സംരംഭങ്ങള്‍ ഗൂഗിള്‍ ഇപ്പോള്‍ നടത്തിവരുന്നുണ്ട്. ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഈ സംരംഭം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

ഇപ്പോള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പഠിപ്പിക്കുന്നതിലും ഒരു മികച്ചപ്ലാറ്റ്ഫോമാണ് ഗൂഗിള്‍ നല്‍കിവരുന്നത്. ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് എന്ന പേരിലറിയപ്പെടുന്ന സൗജന്യ ലേണിങ് പ്ലാറ്റ്ഫോം പ്രധാനമായും ലക്ഷ്യം വെക്കുന്നത് സ്വന്തമായി ബിസിനസ് ചെയുന്ന ഒരു വ്യക്തിക്ക് തന്റെ ബിസിനസിനെ ഓണ്‍ലൈന്‍ ടൂള്‍സിന്റെ സഹായത്തോടുകൂടി എങ്ങനെ മികച്ച രീതിയിലേക്ക് കൊണ്ടുപോകാം എന്നതാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ആഴത്തിലുള്ള പഠനം ഈ ഓണ്‍ലൈന്‍ കോഴ്സില്‍ ലഭ്യമല്ല. എന്നാല്‍ ഈ മേഖലയില്‍ ഒരു തുടക്കക്കാരന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഗൂഗിള്‍ ഡിജിറ്റല്‍ അണ്‍ലോക്കിലൂടെ നമുക്ക് ലഭിക്കും. ഇന്ത്യയില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസുമായും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസുമായും സഹകരിച്ചാണ് ഗൂഗിള്‍ ഈ കോഴ്സ് നടത്തിവരുന്നത്.

26 വിഷയങ്ങളാണ് കോഴ്സില്‍ പഠിപ്പിക്കുന്നത്. ഓണ്‍ലൈന്‍ വീഡീയോസിന്റെ സഹായത്തോടുകൂടി മികച്ച ക്ലാസുകള്‍ ലഭിക്കും. ഓരോ വിഷയം കഴിയുമ്പോഴും ഒരു ഓണ്‍ലൈന്‍ പരീക്ഷ ഉണ്ടാകും. അതില്‍ വിജയിക്കുമ്പോള്‍ ബാഡ്ജുകള്‍ ലഭിക്കും. അങ്ങിനെ കോഴ്സ് അവസാനിക്കുമ്പോള്‍ മൊത്തം 26 ബാഡ്ജുകള്‍ നമ്മുടെ പ്രൊഫൈലില്‍ ഉണ്ടാകും.

എന്നാല്‍ ഈ ബാഡ്ജുകള്‍ അണ്‍ലോക്ക് ചെയ്യണമെങ്കില്‍ അവസാനം ഒരു പരീക്ഷകൂടി നാം ഓണ്‍ലൈനായി പാസാക്കണം. ആ പരീക്ഷ നാം ക്വാളിഫൈ ചെയ്താല്‍ ഗൂഗിള്‍ സെര്‍ട്ടിഫൈ ചെയ്യുന്ന ഒരു കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

digital unlockedgooglegoogle digitalgoogle digital unlocked
Comments (0)
Add Comment