സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി തിരക്കഥ തയ്യാറാക്കുന്ന തിരക്കുകളിലായിരുന്നു ആര്യന്‍ ഖാന്‍. ഇപ്പോള്‍ ഇതാ തിരക്കഥ പൂര്‍ത്തിയായിരിക്കുന്നു എന്ന് അറിയിച്ചിരിക്കുകയാണ് താരപുത്രന്‍.
തിരക്കഥ പൂര്‍ത്തിയായതിന്റെ ചിത്രം ആര്യന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘എഴുത്ത് പൂര്‍ത്തിയായിരിക്കുന്നു. ഇനി ആക്ഷന്‍ പറയാനുള്ള കാത്തിരിപ്പ്’ എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥയാണ് ആര്യന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആര്യന്റെ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.
ഷാറൂഖ് ഖാന്റെ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് വെബ് സീരീസ് ഒരുങ്ങുന്നതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്. ‘ഇനി കാത്തിരിക്കാന്‍ വയ്യ’ എന്ന് ആര്യന്‍ ഖാന്റെ അമ്മയായ ഗൗരി ഖാന്‍ കമന്റ് ചെയ്തു. ‘സ്വപ്നങ്ങള്‍ സഫലമാകട്ടെ, എന്റെ പ്രാര്‍ത്ഥനകള്‍ നിനക്ക് ഒപ്പമുണ്ട്’ എന്നായിരുന്നു ഷാറൂഖ് ഖാന്റെ പ്രതികരണം.