ഉടൻ ലോഞ്ച് ചെയ്യുന്ന വാട്‍സാപ്പിന്റെ അഞ്ച് ഫീച്ചറുകൾ; ഏതൊക്കെയെന്ന് അറിയാം

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഒരു കൂട്ടം പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. മെറ്റായുടെ ഉടമസ്ഥതയിലുള്ള ആപ്പ് നിലവിൽ ഗ്രൂപ്പ് ചാറ്റ് പങ്കാളികളുടെ പരിധി വർദ്ധിപ്പിക്കുതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. സ്‌ക്രീൻഷോട്ടുകൾ ഒരിക്കൽ മാത്രം കാണാനുള്ള രീതിയിൽ മാറ്റുക, ഡോക്യൂമെന്റുകൾ ഉൾപ്പെടെയുള്ളവ ഷെയർ ചെയ്യുമ്പോൾ ക്യാപ്‌ഷൻ നൽകുക എന്നിവയാണ് ആപ്പിന്റെ പരിഗണനയിലുള്ള മറ്റ് അപ്‌ഡേറ്റുകൾ.

വാട്ട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കായി തിരഞ്ഞെടുത്ത പ്ലാനുകളിൽ പ്രീമിയം ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്ന അപ്‌ഡേറ്റും ഇവർ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഉപയോക്താക്കൾക്ക് ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ചില വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ഏതെന്ന് പരിചയപ്പെടാം. ഇവയിൽ ചിലത് നിലവിൽ ബീറ്റ ഉപഭോക്താക്കൾക്ക് ലഭ്യമായതും, ചിലത് വാട്ട്‌സ്ആപ്പിന്റെ പരിഗണനയിലുമാണ്.

1. സന്ദേശങ്ങൾ അയച്ചതിന് ശേഷം എഡിറ്റ് ചെയ്യാനുള്ള സൗകര്യം:

ഈ ഫീച്ചർ നിലവിൽ വന്നാൽ ഒരു സമയപരിധിക്കുള്ളിൽ സന്ദേശങ്ങൾ അയച്ച ശേഷം എഡിറ്റ് ചെയ്യാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. WabetaInfoയുടെ റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് നിലവിൽ ട്വിറ്ററിന് സമാനമായ ഒരു പുതിയ സവിശേഷത പരീക്ഷിക്കുകയാണ്. അയച്ച് 15 മിനിറ്റിനുള്ളിൽ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധ്യമാക്കും. 

എഡിറ്റ് ചെയ്‌ത സന്ദേശങ്ങൾക്കായി ചാറ്റ് ബബിളിൽ ‘എഡിറ്റഡ് ലേബൽ’ എന്ന് കാണിക്കും. എന്നാൽ ഒരിക്കൽ എഡിറ്റ് ചെയ്‌ത സന്ദേശം വീണ്ടും എഡിറ്റ് ചെയ്യാനാകുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഉടൻ ഈ ഫീച്ചർ ബീറ്റ വേർഷനിൽ ലഭ്യമാകുമെന്നാണ് സൂചന. 

2. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉൾക്കൊള്ളിക്കാവുന്നവരുടെ പരിധി 1024 ആയി ഉയർത്തും: 

ഒരു ഗ്രൂപ്പിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നവരുടെ പരിധി ഉയർത്താൻ വാട്ട്‌സ്ആപ്പ് വീണ്ടും പദ്ധതിയിടുകയാണ്. നിലവിൽ ഈ പരിധി 512 അംഗങ്ങളായാണ് നിലനിർത്തിയിട്ടുള്ളത്. പുതിയ അപ്‌ഡേറ്റ് വന്നു കഴിഞ്ഞാൽ ഇതിന്റെ പരിധി 1024 ആയി ഉയരും. ആൻഡ്രോയിഡ്, ഐഒഎസ് വാട്ട്‌സ്ആപ്പ് ബീറ്റ ടെസ്‌റ്റർമാരുടെ തിരഞ്ഞെടുത്ത ഗ്രൂപ്പിന് ഈ ആഴ്‌ചയോടെ ഫീച്ചർ ലഭ്യമാകും. നിലവിൽ 2,00,000 അംഗങ്ങളുമായി ഗ്രൂപ്പ് ചാറ്റ് അനുവദിക്കുന്ന ടെലിഗ്രാമിന് ഒരു മുൻതൂക്കം നൽകാൻ പുതിയ അപ്‌ഡേറ്റ് വാട്ട്‌സ്ആപ്പിനെ അനുവദിക്കും എന്നതാണ് ശ്രദ്ധേയം. 

3. ഡോക്യുമെന്റ് പങ്കിടുമ്പോൾ ക്യാപ്‌ഷൻ ചേർക്കുവാനുള്ള അവസരം: 

വാട്ട്‌സ്ആപ്പ് അതിന്റെ ഉപയോക്താക്കളെ അടിക്കുറിപ്പുകളോടെ ഫോട്ടോകളും വീഡിയോകളും GIF-കളും അയയ്ക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ ഈ പട്ടികയിൽ ഡോക്യുമെന്റുകൾ ഉൾപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ ഉടൻ തന്നെ ഉപയോക്താക്കൾക്ക് ഡോക്യുമെന്റുകൾ അടിക്കുറിപ്പുകളോടെ കൈമാറാൻ അനുവദിക്കുന്ന ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. നിലവിൽ ഈ ഫീച്ചർ അണിയറയിൽ ഒരുങ്ങുകയാണ്.

4. വ്യൂ വൺസ് മീഡിയയുടെ സ്‌ക്രീൻഷോട്ട് തടയുന്നു:

ഉപയോക്താക്കൾക്ക് ഏറെ ആവശ്യപ്പെട്ട ഈ ഫീച്ചർ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത് ഏറെ അഭ്യർത്ഥനകൾക്ക് ഒടുവിലാണ്. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഉപയോക്തൃ സ്വകാര്യത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണു വ്യൂ വൺസ് മീഡിയയുടെ സ്‌ക്രീൻ ഷോട്ട് തടയാൻ ആപ്പ് ഒരുങ്ങുന്നത്. ഈ ഫീച്ചർ നിലവിൽ ചില ആൻഡ്രോയിഡ് ബീറ്റ ടെസ്‌റ്റർമാർക്ക് ലഭ്യമാണ്, എല്ലാവർക്കുമായി ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

5. പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ:

വാട്ട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കായി ഒരു പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിക്കാൻ ആപ്പ് പദ്ധതിയിടുന്നുണ്ട്. ഈ ഫീച്ചറിന്റെ സഹായത്തോടെ, പുതിയ ഉപകരണങ്ങൾ ലിങ്ക് ചെയ്യുമ്പോൾ പണമടച്ചു കൊണ്ട് ഉപയോക്താക്കൾക്ക് പ്രീമിയം ഫീച്ചറുകളിലേക്ക് ആക്‌സസ് ലഭിക്കും. തിരഞ്ഞെടുത്ത ബിസിനസ് അക്കൗണ്ടുകൾക്ക് ലഭ്യമായ ഓപ്ഷണൽ പ്ലാനാണ് ഇതെന്നാണ് സൂചന. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയുടെ തിരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കൾക്ക് ഈ സവിശേഷത നിലവിൽ ലഭ്യമാണ്.

whatsapp feature
Comments (0)
Add Comment