പുതിയ ട്വിറ്റർ സിഇഒ ആരാണെന്ന് അറിയില്ലെന്ന് മസ്‌ക്

ട്വിറ്ററിന്റെ മേധാവി എലോൺ മസ്‌കിന് പുതിയ ട്വിറ്റർ സിഇഒ ആരാണെന്ന് അറിയില്ല. ചുമതലയേറ്റ ദിവസം തന്നെ നിലവിലെ ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെ മസ്‌ക് പുറത്താക്കിയെങ്കിലും പുതിയ സിഇഒയെ ഇതുവരെയും നിയമിച്ചിട്ടില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, അദ്ദേഹം അടുത്തിടെ എസ്ഇസിയിൽ ഫയൽ ചെയ്‌ത ഒരു രേഖ മറ്റൊരു കഥയാണ് വെളിപ്പെടുത്തുന്നത്.

രേഖയിൽ എലോൺ മസ്‌കിനെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ട്വിറ്റർ ഏറ്റെടുക്കൽ കഴിഞ്ഞയുടൻ നിയമ മേധാവി വിജയ ഗദ്ദേ, സിഎഫ്ഒ നെൽ സെഗാൾ എന്നിവർക്കൊപ്പം സിഇഒ പരാഗ് അഗർവാളിനെയും മസ്‌ക് പുറത്താക്കിയിരുന്നു. 

“2022 ഒക്ടോബർ 27ന് ലയനത്തിന്റെ പൂർത്തീകരണത്തിന്റെ ഫലമായി, എലോൺ മസ്‌ക് ട്വിറ്ററിന്റെ ഏക ഡയറക്‌ടറായി. ലയനം നടന്ന സമയം മുതൽ പ്രാബല്യത്തിൽ വരുന്ന ഉടമ്പടിയുടെ നിബന്ധനകൾക്ക് അനുസൃതമായി, നേരത്തെ ട്വിറ്ററിന്റെ ഡയറക്‌ടർമാരായിരുന്ന ബ്രെറ്റ് ടെയ്‌ലർ, പരാഗ് അഗർവാൾ , ഒമിഡ് കോർഡെസ്താനി, ഡേവിഡ് റോസെൻബ്ലാറ്റ്, മാർത്ത ലെയ്ൻ ഫോക്‌സ്, പാട്രിക് പിച്ചെറ്റ്, എഗോൺ ഡർബൻ, ഫീഫി ലി, മിമി അലെമേഹോ എന്നിവർ ഇനി സ്ഥാനത്ത് തുടരില്ല” എസ്ഇസി ഫയലിംഗിൽ പറയുന്നു.

എന്നാൽ ഈ മാറ്റങ്ങൾ താൽക്കാലികം മാത്രമെന്നാണ് മസ്‌ക് പറയുന്നത്. പുതിയ ഡയറക്‌ടർ ബോർഡ് ഉടൻ രൂപീകരിക്കുമെന്നുള്ള സൂചനകളാണ് അദ്ദേഹം നൽകുന്നത്. അതേസമയം വെരിഫിക്കേഷൻ പ്രക്രിയയിൽ വൻ മാറ്റങ്ങൾ വരുത്താനും മസ്‌ക് ഒരുങ്ങുകയാണ്. 

റിപ്പോർട്ടുകൾ പ്രകാരം ഉപയോക്താക്കളോട് അവരുടെ ബ്ലൂ ടിക്ക് നിലനിർത്താൻ പ്രതിമാസം 20 ഡോളർ വീതം അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക അടച്ചില്ലെങ്കിൽ ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് ഉപേക്ഷിക്കേണ്ടിവരും. ജീവനക്കാരുടെ എണ്ണം 7500ൽ നിന്ന് 2000 ആയി കുറയ്ക്കുന്നതിനെ കുറിച്ചും മസ്‌ക് ആലോചിക്കുന്നതായി മറ്റൊരു റിപ്പോർട്ട് പറയുന്നു. 

Elone Musktwitter CEO
Comments (0)
Add Comment