ഒരു ഗ്രൂപ്പ് ചാറ്റിൽ 1024 അംഗങ്ങളെ വരെ ചേർക്കാൻ എല്ലാ ഉപയോക്താക്കൾക്കും വാട്ട്‌സ്ആപ്പ് ഉടൻ അനുമതി നൽകും. നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള ബീറ്റ വേർഷനിൽ ഈ ഓപ്ഷൻ ലഭ്യമാണ്. അധികം വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ പ്രയോജനപ്പെടുത്തുന്ന സൗകര്യമാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ. അതിനാൽ തന്നെ പുതിയ അപ്‌ഡേറ്റ് കൂടുതൽ പേർക്ക് ഗുണം ചെയ്യും. നിലവിൽ, ഒരു ഗ്രൂപ്പ് ചാറ്റിൽ പരമാവധി 512 അംഗങ്ങളെ വരെ ചേർക്കാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇത് ഇരട്ടിയാക്കി ഉയർത്താനാണ് തീരുമാനം.
അതേസമയം, ആപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതിന് വേണ്ടി കൂടുതൽ ഫീച്ചറുകൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്ട്‌സ്ആപ്പ്. ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തെ സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ഫീച്ചറുകളാണ് വാട്ട്‌സ്ആപ്പ് കൊണ്ട് വരാനായി ആലോചിക്കുന്നതെന്നാണ് സൂചന.