താഴ്ന്നുതന്നെയിരിക്കട്ടെ രക്തസമ്മര്‍ദ്ദം!!!

യുവാക്കളിലും രക്തസമ്മര്‍ദ്ദ നിരക്ക് മുന്‍കാലങ്ങളേക്കാള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്രമം തെറ്റിയ ആഹാര ശീലങ്ങളും മാറിയ ജീവിതശൈലികളുമാണ് രക്തസമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്. മലയാളികളില്‍ അപകടകരമായ വിധത്തില്‍ രക്തസമ്മര്‍ദ്ദം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മസ്തിഷ്‌കാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ ഉണ്ടാകാന്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമാകും. കൂടാതെ കാഴ്ചശക്തിയെ ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്യും. ഉറക്കക്കുറവ്, മാനസിക പിരിമുറുക്കങ്ങള്‍, അമിത വണ്ണം എന്ന് തുടങ്ങി നിരവധി കാരണങ്ങളാണ് രക്തസമ്മര്‍ദ്ദത്തിന് പിന്നില്‍.

എന്നാല്‍ ഇതെല്ലാമോര്‍ത്ത് ആശങ്കപ്പെടാന്‍ വരട്ടെ. മരുന്നുകളുടെ സഹായമില്ലാതെ തന്നെ ചില സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെ അമിത രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാം. അതെങ്ങനെയാണെന്ന് നോക്കൂ…

വ്യായാമങ്ങള്‍

ദിവസവും 30 മിനിട്ട് വ്യായാമത്തിനായി നീക്കി വെക്കാം. പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കഴിയും. വ്യായാമം പതിവാക്കുന്നതോടെ ശരീരത്തിലെ രക്തചംക്രമണം സുഗമമാകുകയും ഹൃദയം കൂടുതല്‍ കരുത്തുള്ളതാകുകയും ചെയ്യും. രാവിലെയോ വൈകുന്നേരമോ 15 മിനിട്ടെങ്കിലും നടത്തം ശീലമാക്കണം. അതോടൊപ്പം തന്നെ മറ്റെന്തെങ്കിലും വ്യായാമങ്ങള്‍ ചെയ്യണമെന്നും ലോകാരോഗ്യ സംഘടന പോലും വ്യക്തമാക്കുന്നുണ്ട്.

ഉപ്പിന്റെ ഉപയോഗം

അമിതമായ ഉപ്പിന്റെ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒട്ടനവധിയാണ്. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പ് അധികമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കിയേ തീരൂ. ദിവസവും 6 ഗ്രാമില്‍ താഴെ മാത്രം ഉപ്പ് ഉപയോഗിച്ചാല്‍ മതി. ഉപ്പ് അധികം അടങ്ങിയ പായ്ക്കറ്റ് ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവും കുറയ്ക്കാം.

മദ്യപാനം

മദ്യപിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ലോകത്ത് രക്തസമ്മര്‍ദ്ദമുള്ള 16% പേരിലും ഈ രോഗത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവരിലെ മദ്യത്തിന്റെ ഉപയോഗമാണത്രേ. മാത്രമല്ല, മദ്യത്തോടൊപ്പം സാധാരണ കഴിക്കുന്ന ആഹാരങ്ങള്‍ പലപ്പോഴും ഉപ്പ് കൂടുതല്‍ ഉള്ളതായിരിക്കും. കൂടാതെ ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവയോട് വല്ലാത്തൊരു ആസക്തി മദ്യം കഴിക്കുന്നവരില്‍ കാണാറുണ്ട്. അതുകൊണ്ട് രക്തസമ്മദര്‍ഹം നിയന്ത്രിക്കാന്‍ മദ്യം ഒഴിവാക്കുക.

പൊട്ടാസ്യം അടങ്ങിയ ഭക്ഷണം

ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാനും അത് വഴി രക്തക്കുഴലുകളിലെ മര്‍ദ്ദം ക്രമീകരിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പൊട്ടാസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ സാധിക്കും. പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ധാരാളം കഴിക്കുക.

കഫീന്‍

ഒരു കപ്പ് കാപ്പി കുടിച്ച ശേഷം രക്തസമ്മര്‍ദ്ദം അളന്നു നോക്കൂ. അപ്പോഴറിയാം കഫീന്‍ ഉണ്ടാക്കുന്ന വ്യത്യാസം. ഉയര്‍ന്ന അളവില്‍ കഴിക്കുമ്പോഴാണ് പ്രശ്‌നം. അധികം റിസ്‌ക് എടുക്കാതിരിക്കാന്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുകയാണ് ഉത്തമം.

മാനസിക പിരിമുറുക്കങ്ങള്‍

ടെന്‍ഷന്‍ ഉള്ളവരില്‍ രക്തസമ്മര്‍ദ്ദം കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മാനസിക പിരിമുറുക്കം കൂടുതലായി അനുഭവിക്കുന്നവരില്‍ ഹൃദയമിടിപ്പ് കൂടുതലായി കാണപ്പെടാറുണ്ട്. ഇത് മൂലം രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. മനസ്സിനെ സംഘര്ഷഭരിതമാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയോ പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്ന യോഗ, ധ്യാനം, പ്രാര്‍ത്ഥന തുടങ്ങിയവ ശീലമാക്കുകയോ ചെയ്യാം. മനസ്സിനെ ശാന്തമാകുന്ന ഏതെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടുകയുമാകാം.

ഡാര്‍ക്ക് ചോക്ലേറ്റ്

ധാരാളം ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കില്ലെങ്കിലും ചെറിയ തോതില്‍ കഴിക്കുന്നത് ഗുണം ചെയ്‌തേക്കാം. ഡാര്‍ക്ക് ചോക്ലേറ്റിലും കൊക്കോപ്പൊടിയിലും അടങ്ങിയിട്ടുള്ള ഫ്‌ലേവനോയ്ഡുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. മാത്രവുമല്ല, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.

ശരീരഭാരം

അമിതവണ്ണമുള്ളവരില്‍ രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ അമിതവണ്ണം തടയേണ്ടത് ആവശ്യമാണ്. ശരീര ഭാരം കുറയുന്നതോടെ രക്തധമനികളുടെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുകയും രക്തചംക്രമണം അനായാസകരമായി നടക്കുകയും ചെയ്യും. അതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ചിട്ടയായ വ്യായാമവും പോഷകമൂല്യങ്ങളേറെയുള്ള ഭക്ഷണവും അത്യാവശ്യമാണ്.

പുകവലി

പുകവലി രക്തസമ്മര്‍ദ്ദം കൂട്ടുന്ന പ്രവര്‍ത്തികളിലൊന്നാണ്. പുകവലി ശീലമാകുമ്പോള്‍ ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. പുകവലി ശീലമാക്കിയവരില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നന്നേ ബുദ്ധിമുട്ടാണ്. ഓരോ തവണ സിഗരറ്റ് വലിക്കുമ്പോഴും പുക ഉള്ളിലെത്തും. ഈ സമയത്തെ രക്തസമ്മര്‍ദ്ദത്തില്‍ താത്കാലിക വര്‍ദ്ധന ഉണ്ടാകും. അത് മാത്രമല്ല, നിക്കോട്ടിന്‍ രക്തധമനികള്‍ക്ക് വളരെയേറെ ദോഷം ചെയ്യും.

പഞ്ചസാര

അധികമായി പഞ്ചസാര ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടും. ശീതളപാനീയങ്ങള്‍ ധാരാളമായി കുടിക്കുന്നത് ഒഴിവാക്കുക. അതോടൊപ്പം തന്നെ ആഹാരക്രമത്തില്‍ അന്നജത്തിന്റെ അളവ് കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

ധ്യാനവും യോഗയും

നിങ്ങളുടെ ശ്വാസോച്ഛാസ പ്രക്രിയയ്ക്ക് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിവുണ്ട്. അത്ഭുതപ്പെടേണ്ട. ദീര്‍ഘ ശ്വാസോച്ഛാസം രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ചെയ്യുന്ന ധ്യാനവും യോഗയുമെല്ലാം സമാനമായ ഫലങ്ങള്‍ തന്നെയാണ് നല്‍കുന്നത്.

കാത്സ്യം അടങ്ങിയ ഭക്ഷണം

കാത്സ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ ഗുണകരമാണ്. എന്നാല്‍ ആഹാരത്തില്‍ കാത്സ്യത്തിന്റെ അളവ് കുറയുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുന്നു.

നാച്ചുറല്‍ സപ്പ്‌ളിമെന്റുകള്‍

ചില ഫുഡ് സപ്പ്‌ളിമെന്റുകള്‍ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളി സത്ത്, ബെര്‍ബെറിന്‍, വേ പ്രോട്ടീന്‍, മീനെണ്ണ, ഹൈബിസ്‌ക്കസ് തുടങ്ങിയവയുടെ കൃത്യമായ ഉപയോഗം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

മഗ്‌നീഷ്യം

രക്ത ധമനികള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഭക്ഷണത്തില്‍ മഗ്‌നീഷ്യത്തിന്റെ കുറവ് ബ്ലഡ് പ്രഷര്‍ കൂടാന്‍ കാരണവുമാകും. പാല്‍, ഇലക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, ബീന്‍സ്, മത്തി, ടോഫു, ചിക്കന്‍, തവിടോടുകൂടിയ ധാന്യങ്ങള്‍ തുടങ്ങിയവയൊക്കെ ധാരാളം കഴിക്കാം. ഇവയിലൊക്കെ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

അപ്പോള്‍ പ്രഷറുകൂട്ടാതെ മരുന്നു കഴിക്കാതെ നന്നായി ജീവിക്കൂ…

blood pressurepressurereduce blood pressureyouth
Comments (0)
Add Comment