യുവാക്കളില്‍ മിക്കവരിലും കണ്ടുവരുന്ന ഒരു മോശം ശീലമാണ് ചില നേരങ്ങളിലുള്ള ഭക്ഷണമുപേക്ഷിക്കല്‍. സാധാരണയായി വിദ്യാര്‍ത്ഥികള്‍ മിക്കവരും രാവിലത്തെ ബ്രേക്കഫാസ്റ്റ് ഒഴിവാക്കുകയും അതുവഴി ശരീരത്തിന് പലവിധ പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ യുവാക്കളില്‍ ഉച്ചഭക്ഷണവും ഇതുപോലെ നേരക്കുറവിന്റെ പേരില്‍ ഒഴിവാക്കുന്ന പ്രവണത കൂടുതലായി കാണാം. എന്നാല്‍ ഉച്ചഭക്ഷണം ഒഴിവാക്കിയാലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമോ?
ഉച്ചഭക്ഷണം പണ്ടൊക്കെ വളരെ വിഭവസമൃദ്ധമായിരുന്നു. ഇപ്പോഴും വിഭവങ്ങളുണ്ടെങ്കിലും ജോലി തിരക്കു കൊണ്ട് ഉച്ചഭക്ഷണം ഒഴിവാക്കുന്നവരാണ് ഏറെയും. ഇത്തരക്കാര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം ഒരു നേരം ആഹാരം വൈകുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ശരീര പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക താളത്തെ തന്നെ ഇല്ലാതാക്കുന്നു എന്നതാണ് വാസ്തവം.
ഉച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി കുറയുന്നതിന് കാരണമാകും. ഇത് തലകറക്കത്തിലേക്കോ പിന്നീട് പൂര്‍ണമായും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലോ ആയിത്തീരുകയും ചെയ്യുന്നു.
ഉച്ചഭക്ഷണം കഴിക്കാതിരുന്നാല്‍ ഊര്‍ജ്ജമില്ലാതെ ശരീരം തളര്‍ന്ന അവസ്ഥയിലാകുകയും ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനും മന്ദത അനുഭവപ്പെടുകയും ചെയ്യുന്നു.
ഇതു കൂടാതെ മറ്റു പല അവസ്ഥകളിലേക്കും സ്ഥിരമായി ഉച്ചഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ ശരീരം എത്തിച്ചേരുന്നുണ്ട്. തലവേദന, അകാരണ വിഷാദം എന്നിവ രൂപപ്പെടാന്‍ തുടങ്ങും.
ആഹാരം തെറ്റുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അളവിലും മാറ്റങ്ങള്‍ ഉണ്ടാകും. ഇത് മാനസിക സമ്മര്‍ദ്ദത്തിനും കാരണമാകും.
സമയത്ത് ആരോഗ്യകരമായ ആഹാരം നിശ്ചിത അളവില്‍ കഴിക്കുന്നതാണ് എപ്പോഴും നല്ലത്.