ഓസ്‌ട്രേലിയയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് തൊഴിലാളികളെ കിട്ടാനുള്ള പ്രയാസം പരിഹരിക്കാന്‍ നിരവധി പുതിയ പദ്ധതികള്‍ അവിടുത്തെ ഫെഡറല്‍ കുടിയേറ്റകാര്യവകുപ്പ് നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബാക്ക്പാക്കര്‍ വിസ എന്നറിയപ്പെടുന്ന വര്‍ക്ക് ആന്റ് ഹോളിഡേ വിസകള്‍ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അനുവദിക്കാന്‍ ഒരുങ്ങുന്നു.
കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഫാമുകളിലും ഉള്‍നാടന്‍പ്രദേശങ്ങളിലെ മറ്റ് തൊഴില്‍മേഖലകളിലുമാണ് ഇത്തരം ബാക്ക്പാക്കര്‍മാര്‍ പൊതുവില്‍ ജോലി ചെയ്യുന്നത്.
ഇന്ത്യ, ബ്രസീല്‍, മെക്സിക്കോ തുടങ്ങി 13 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഈ വിസ അനുവദിക്കുന്ന കാര്യമാണ് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ പരിഗണിക്കുന്നതെന്ന് പ്രമുഖ മാധ്യമമായ എ ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നിര്‍ദ്ദേശത്തിന് നാഷണല്‍ ഫാര്‍മേഴ്സ് ഫെഡറേഷന്റെ പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
യൂറോപ്യന്‍ രാജ്യങ്ങളിലെ ജീവിതശൈലിയുടെ ഭാഗമാണ് ബാക്ക്പാക്കിംഗ്. കൈയില്‍ ഒരൊറ്റ ബാഗുമായി ലോകം ചുറ്റുകയും, ചെല്ലുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്ത് യാത്രക്കുള്ള പണം കണ്ടെത്തുകയും ചെയ്യുക. രണ്ടു തരത്തിലുള്ള ബാക്ക്പാക്കര്‍ വിസകളാണ് ഓസ്ട്രേലിയ അനുവദിക്കുന്നത്.
18 വയസു മുതല്‍ 30 വയസു വരെയുള്ളവര്‍ക്കാണ് ഈ വിസ ലഭിക്കുക. ഈ വര്‍ഷം കൊണ്ടുവന്ന നിയമ പ്രകാരം, രണ്ടു തരം ബാക്ക്പാക്കര്‍ വിസകളിലും മൂന്നു വര്‍ഷം വരെ ഓസ്ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും കഴിയും.
വിസ സബ്ക്ലാസ് 417 അഥവാ വര്‍ക്കിംഗ് ഹോളിഡേ വിസ യു കെ, ജര്‍മ്മനി, കാനഡ, ഫ്രാന്‍സ്, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് നല്‍കുന്നത്. ബാക്ക് പാക്കിംഗ് സംസ്‌കാരമുള്ള രാജ്യങ്ങളാണ് ഇവ. ഓരോ വര്‍ഷവും അനുവദിക്കുന്ന വിസകളുടെ എണ്ണത്തില്‍ ഈ സബ്ക്ലാസിന് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. സബ്ക്ലാസ് 462, അഥവാ വര്‍ക്ക് ആന്റ് ഹോളിഡേ വിസ എന്നതാണ് രണ്ടാമത്തേത്.
അമേരിക്ക, ചൈന, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങി 25 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇപ്പോള്‍ ഈ വിസ അനുവദിക്കുന്നത്. ഡിഗ്രിയോ, ഡിപ്ലോമയോ പോലുള്ള വിദ്യാഭ്യാസ യോഗ്യതകളും, IELTS 4.5 സ്‌കോറിനു തുല്യമായ ഇംഗ്ലീഷ് പ്രാവീണ്യവും ഉണ്ടായിരിക്കണം. മറ്റു നിരവധി നിബന്ധനകളുമുണ്ട്.